This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിസ്റ്റന്‍ ദ കൂന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രിസ്റ്റന്‍ ദ കൂന

Tristan da cunha

ദക്ഷിണ അത് ലാന്തിക് സമുദ്രത്തിലെ ഒരു ദ്വീപസമൂഹം. അഗ്നിപര്‍വതാഗ്രങ്ങളാണ് ഇവ. സെന്റ് ഹെലീനായില്‍നിന്നും ഏകദേശം 2124 കി.മീ. തെ. പ. മാറി അക്ഷാ. തെ. 37°-38° യ്ക്കും രേഖാ. പ. 12-13° യ്ക്കും മധ്യേ സ്ഥിതിചെയ്യുന്നു. ഗുഡ്ഹോപ് മുനമ്പില്‍ (Cape of Good Hope) നിന്ന് 3218 കി.മീ. പ. സ്ഥിതിചെയ്യുന്ന ട്രിസ്റ്റന്‍ ദ കൂന സെന്റ് ഹെലീനായുടെ ആശ്രിതപ്രദേശമാണ്.

ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ട്രിസ്റ്റന്‍ ദ കൂനയുടെ പേരിലാണ് ദ്വീപസമൂഹം അറിയപ്പെടുന്നത്. 98 ച. കി. മീറ്ററാണ് ട്രിസ്റ്റന്‍ ദ കൂന ദ്വീപിന്റെ വിസ്തീര്‍ണം; ജനസംഖ്യ : 292 (96). 10 ച. കി. മീ. വിസ്തൃതിയുള്ള ഇന്‍ അക്സെസിബിള്‍ ദ്വീപ് (Inaccessible Island) ഈ ദ്വീപിന് 32 കി.മീ. പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. രണ്ടു ച. കി. മീ. വിസ്തൃതിയുള്ള നൈറ്റിങ്ഗേള്‍ ദ്വീപുകള്‍ (3) ട്രിസ്റ്റന്‍ ദ കൂനയ്ക്ക് 32 കി.മീ. തെക്കാണ്. മിഡില്‍, സ്റ്റോള്‍ടെന്‍ ഹോഫ് (Stolten hoff) എന്നിവയാണ് മറ്റു ദ്വീപുകള്‍. ട്രിസ്റ്റന്‍ ദ കൂനയ്ക്ക് 352 കി.മീ. തെക്കുള്ള ഗഫ് ദ്വീപിന് 90 ച. കി. മീ. വിസ്തീര്‍ണമുണ്ട്. ഒരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ ദ്വീപില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ട്രിസ്റ്റണ്‍ ദ കൂനയിലെ അഗ്നിപര്‍വതം

ഉപ അന്റാര്‍ട്ടിക് മേഖലയ്ക്കും ഉപോഷ്ണമേഖലയ്ക്കും മധ്യേയുള്ള അതിര്‍ത്തിരേഖയിലാണ് ഈ ദ്വീപുകളുടെ സ്ഥാനം. മിതമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ശക്തിയേറിയ കാറ്റും, ഉയര്‍ന്ന ഈര്‍പ്പവും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതകളാണ്. വാര്‍ഷിക വര്‍ഷപാതം: 325 മി. മീ.- 925 മി.മീ. ട്രിസ്റ്റന്‍ ദ കൂന ദ്വീപിന് ഏതാണ്ട് വൃത്താകൃതിയാണുള്ളത്. കടലില്‍നിന്നും കോണാകൃതിയില്‍ കുത്തനെ ഉയര്‍ന്നുനില്‍ക്കുന്ന ഭൂപ്രകൃതിയാണ് ഈ ദ്വീപിന്റേത്. ദ്വീപിലെ മൂന്നു പരന്ന പീഠഭൂമികളാണ് ജനവാസയോഗ്യമായിട്ടുള്ളത്. ഈ പീഠഭൂമി പ്രദേശത്തെ എഡിന്‍ബര്‍ഗാണ് പ്രധാന ജനവാസകേന്ദ്രം. ട്രിസ്റ്റന്‍ ദ കൂന ദ്വീപിലെയും ദ്വീപസമൂഹത്തിലെയും ഏക ജനവാസകേന്ദ്രവും എഡിന്‍ബര്‍ഗ് തന്നെ. ഉരുളക്കിഴങ്ങാണ് പ്രധാന കാര്‍ഷികവിള. കന്നുകാലി വളര്‍ത്തലും മുഖ്യ ഉപജീവനമാര്‍ഗമാണ്. 2060 മീ. ഉയരമുള്ള ഒരു അഗ്നിപര്‍വതം ട്രിസ്റ്റനിലുണ്ട്. നിര്‍ജീവമെന്നു കരുതപ്പെട്ടിരുന്ന ഇത് 1961-ല്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചു. ജനങ്ങളെ മുഴുവന്‍ യു.കെ. -യിലേക്ക് താത്ക്കാലികമായി മാറ്റി പാര്‍പ്പിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. 1963-ല്‍ ജനങ്ങള്‍ വീണ്ടും ദ്വീപില്‍ തിരിച്ചെത്തി. വെളുത്ത വര്‍ഗക്കാരെയും കറുത്ത വര്‍ഗക്കാരെയും കൂടാതെ മലായ് വംശജരും ട്രിസ്റ്റന്‍ ദ കൂനയിലുണ്ട്. ഒരു പ്രത്യേക രീതിയിലുള്ള ഇംഗ്ലീഷാണ് ജനങ്ങളുടെ വ്യവഹാരഭാഷ. പോര്‍ത്തുഗീസ് അഡ്മിറലും നാവികനുമായ ട്രിസ്താവോ ദ കൂന (Tristao da Cunha) യാണ് 1506-ല്‍ ഈ ദ്വീപ് കണ്ടെത്തിത്. തന്റെ പേരില്‍ ദ്വീപിനെ വിശിഷേപ്പിച്ചതും ഇദ്ദേഹം തന്നെ. 1650-ല്‍ ഡച്ചുകാരും, 1760-ല്‍ ഒരു ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥനും, 1778-ല്‍ ഒരു ഫ്രഞ്ച് ക്യാപ്റ്റനും ഈ ദ്വീപസമൂഹത്തില്‍ പര്യവേക്ഷണം നടത്തി. 1816-ല്‍ ബ്രിട്ടീഷുകാര്‍ ഈ ദ്വീപസമൂഹം തങ്ങളുടെ അധീനതയിലാക്കി.

ദ്വീപസമൂഹത്തിലെ ആദിമനിവാസികളെല്ലാം തന്നെ കപ്പലപകടത്തെ തുടര്‍ന്ന് ഇവിടെ എത്തിച്ചേര്‍ന്നവരോ, സെന്റ് ഹെലീനായില്‍നിന്നും സൈനികപാളയം മാറ്റിയപ്പോള്‍ (1817) പോകാതെ തങ്ങിയ പട്ടാളക്കാരോ ആണെന്ന് കരുതേണ്ടിയിരിക്കുന്നു. 1932-ല്‍ ബ്രിട്ടീഷ് ഭരണകൂടം ഒരു മിഷനറിയെ ട്രിസ്റ്റന്‍ ദ കൂനയുടെ കമ്മിഷണറായി നിയമിച്ചു. ഇദ്ദേഹമാണ് ഐലന്‍ഡ് കൗണ്‍സില്‍ രൂപീകരിച്ചത് (1932). 1938-ല്‍ ഈ ദ്വീപസമൂഹം സെന്റ് ഹെലീനായുടെ ആശ്രിതപ്രദേശമായി മാറി. 1942 ഏ-ല്‍ ട്രിസ്റ്റന്‍ ദ കൂന ദ്വീപ് എച്ച്. എം. എസ്. അത് ലാന്തിക് ഐല്‍ (HMS Atlantic Isle) ആയി കമ്മിഷന്‍ ചെയ്തതിനെ തുടര്‍ന്ന് ട്രിസ്റ്റന്‍ ദ കൂന ഒരു പ്രധാന കാലാവസ്ഥാ-റേഡിയോ നിലയമായി മാറി. 1949-ല്‍ ഒരു അഡ്മിനിസ്ട്രേറ്റര്‍ ഇവിടത്തെ ഭരണകാര്യങ്ങള്‍ക്കായി നിയമിതനായി. 1932-ല്‍ നിലവില്‍വന്ന ഐലന്‍ഡ് കൗണ്‍സിലില്‍ ദ്വീപിന്റെ തലവനെ കൂടാതെ തെരഞ്ഞെടുക്കപ്പെട്ട 8 അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെടുന്ന 3 അംഗങ്ങളും ഉള്‍പ്പെടുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ഇവിടെ റോയല്‍ നാവികവിഭാഗത്തിന്റെ ഒരു താവളം സ്ഥാപിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍